ഈ പേജ് ലോഡ് ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ടെക്സ്റ്റ് മാത്രം ഇവിടെ കാണാം

Thursday, January 28, 2010

Apple a Day Best Blog Photo Award 2010



പ്രിയ വായനക്കാരേ,

“നമ്മുടെബൂലോക“ ത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം ബ്ലോഗോസ്ഫിയറിലെ ഫോട്ടോഗ്രാഫർമാർക്കായി ഒരു ഫോട്ടോഗ്രാഫി മത്സരംനടത്തുന്ന വിവരം ഇതിനു മുമ്പ് പ്രഖ്യാപിച്ചിരുന്നുവല്ലോ.

ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010

അതിന്റെ ഔദ്യോഗികമായ പ്രഖ്യാപനവും മറ്റുവിശദാംശങ്ങളുമാണ് ഈ പോസ്റ്റിൽ ഉള്ളത്. ഈ മത്സരത്തിൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ Apple A Day Properties Pvt Ltd. ആണ്.

ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010 ൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് താഴെപ്പറയുന്ന സമ്മാനങ്ങളാണ്.

ഒന്നാം സമ്മാനം : 5001 രൂപ
രണ്ടാം സമ്മാനം : 2001 രൂപ
മൂന്നാം സമ്മാനം : 1001 രൂപ


ഇവ കൂടാതെ, ഏറ്റവും ആകർഷകമായ ചിത്രം എന്ന് വായനക്കാർ തെരഞ്ഞെടുക്കുന്ന ഒരു ചിത്രത്തിന്റെ ഉടമയ്ക്ക് ഒരു ഫോട്ടോഗ്രാഫി ഹാന്റ്ബുക് സമ്മാനമായി ലഭിക്കുന്നു (സ്പോൺസർ ചെയ്യുന്നത് : ഫോട്ടോഗ്രാഫി ഫ്രണ്ട്സ് ക്ലബ്).


മത്സരത്തിന്റെ നിയമാവലിയും നിബന്ധനകളും:

ഈ മത്സരത്തെപ്പറ്റി ഇതിനു മുമ്പ് വന്ന പോസ്റ്റുകളിൽ പറഞ്ഞിരുന്ന എല്ലാ നിബന്ധനകളും അസാധുവാക്കുന്നതോടൊപ്പം താഴെപ്പറയുന്ന നിബന്ധനകളും നിയമാവലിയുമായിരിക്കും ഈ മത്സരത്തിനായി ഉപയോഗിക്കുന്നത് .

1. വിഷയം: Nature‘s beauty | പ്രകൃതിയുടെ സൌന്ദര്യം

പരമാവധി ഫോട്ടോഗ്രാർമാരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലളിതമായ ഒരു വിഷയമാണ് ഈ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രകൃതിയുടെ സൌന്ദര്യവുമായി ബന്ധപ്പെട്ട ഏതു ഫോട്ടോയും നിങ്ങൾക്ക് ഈ മത്സരത്തിനു സമർപ്പിക്കാം. എസ്.എൽ.ആർ ക്യാമറ ഉള്ളവരെ മാത്രമല്ല, പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിക്കുന്നവരേയും ഈ മത്സരത്തിൽ പങ്കെടുക്കാനായി ഞങ്ങൾ സ്വാഗതം ചെയ്യുന്നു, പ്രോത്സാഹിപ്പിക്കുന്നു. അവാർഡ് ക്യാമറയ്ക്കല്ല, ഫോട്ടോഗ്രാഫിനാണ് എന്നോർക്കുക. ഒരാൾക്ക് ഒരു ഫോട്ടോമാത്രമേ മത്സരത്തിനായി സമർപ്പിക്കുവാൻ അനുവാദമുള്ളൂ.

2. ആർക്കൊക്കെ പങ്കെടുക്കാം: ഈ മത്സരം ബ്ലോഗർമാരായ മലയാളികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. ഈ മത്സരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണതീയതിക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും രജിസ്റ്റർ ചെയ്ത സ്വന്തമായ ഒരു ബ്ലോഗ് പ്രൊഫ്രൈല്‍ ഉള്ള (ബ്ലോഗർ, വേഡ്പ്രസ്, ഏതും ആവാം) മലയാളികൾക്ക് ഇതിൽ പങ്കെടുക്കാം. സ്വന്തമായി ബ്ലോഗ്പ്രൊഫൈൽ വേണം എന്നേയുള്ളൂ‍, ഫോട്ടോബ്ലോഗ് വേണം എന്നില്ല; ബ്ലോഗിന്റെ ഭാഷയും പ്രശ്നമല്ല. ഓരോ എൻ‌ട്രിയോടൊപ്പവും പങ്കെടുക്കുന്ന ആളിന്റെ യഥാർത്ഥ പേരും കേരളത്തിലെ സ്ഥിരമായ മേൽ‌വിലാസവും നൽകേണ്ടതാണ്. ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതല്ല.

‘നമ്മുടെബൂലോകം’ പത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ അവരുടെ അടുത്ത ബന്ധുക്കളോ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

3. വിധികർത്താക്കൾ: മൂന്നു വിധികർത്താക്കൾ ചേര്‍ന്ന ഒരു പാനലായിരിക്കും ചിത്രങ്ങളെ വിലയിരുത്തി ആദ്യമൂന്നു സമ്മാനാർഹരെ നിശ്ചയിക്കുന്നത്. വിധികർത്താക്കൾ താഴെപ്പറയുന്നവരായിരിക്കും.

1. ഷംസുദീന്‍ മൂസ - പ്രൊഫൈൽ

യു.എ.ഇ യിൽ പ്രസ് ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന ശ്രീ ഷംസുദ്ദീൻ മൂസ ഈ മേഖലയിൽ അനേകവർഷത്തെ പരിചയമുള്ള വ്യക്തിയാണ്. ശില്പകലയിലും, ജ്യാമിതീയ രൂപങ്ങളെപ്പറ്റിയുള്ള പഠനങ്ങളിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയുമാണ് അദ്ദേഹം.


2. നിഷാദ് ഹുസൈൻ കൈപ്പള്ളി - പ്രൊഫൈൽ

കൈപ്പള്ളി എന്ന ബ്ലോഗർ ഐഡിയിൽ ബൂലോകർക്ക് സുപരിചിതൻ. ഫോട്ടോഗ്രാഫി, ഇന്റീരിയർ ഡിസൈനിംഗ്, ഐ.ടി സാങ്കേതികം, Ornithology തുടങ്ങിയ മേഖലകളിൽ മേഖലകളിൽ പ്രവർത്തന പരിചയം.

3. നവീന്‍ മാത്യു - പ്രൊഫൈ

സപ്തവർണ്ണങ്ങൾ എന്ന ബ്ലോഗർ ഐ.ഡിയിൽ ബൂലോകത്ത് സുപരിചിതൻ. ഫ്രീലാൻസ് ഫോട്ടോഗ്രാഫിയിലും ഫോട്ടോഗ്രാഫിയുടെ സാങ്കേതിക മേഖലയിലും പ്രാവീണ്യം തെളിയിച്ച വ്യക്തി.

4. സമ്മാന നിർണ്ണയരീതി: താഴെപ്പറയുന്ന മൂന്നു കാര്യങ്ങളെ ആസ്പദമാക്കിയാവും ഓരോ ഫോട്ടോയും വിലയിരുത്തപ്പെടുക.

A. Composition: ഒരു ഫ്രെയിം നിർണ്ണയിച്ചിരിക്കുന്നതിൽ എന്തൊക്കെ കാര്യങ്ങൾ ഫോട്ടോഗ്രാഫർ കണക്കിലെടുത്തിരിക്കുന്നു എന്നതും ഫോട്ടോയിൽ അതിന്റെ പ്രാധാന്യവുമാണ് ഈ വിഭാഗത്തിൽ ജഡ്ജസ് അവലോകനം ചെയ്യുന്നത്.

B. Technical aspects: മനസ്സിൽ ഉദ്ദേശിച്ച ഫ്രെയിം, ലൈറ്റിംഗ് എന്നിവ ഫലപ്രദമായി ഫോട്ടോയിൽ കിട്ടുവാൻ തക്കവിധം എത്രത്തോളം ടെക്നിക്കൽ കാര്യങ്ങൾ ഈ ചിത്രത്തിൽ ഫോട്ടോഗ്രാഫർ ശ്രദ്ധിച്ചിരിക്കുന്നു എന്നതാവും ഇവിടെ വിഷയമാവുക. ഒപ്പം പോസ്റ്റ് പ്രോസസിംഗിൽ എന്തൊക്കെ ശ്രദ്ധിച്ചു എന്നതും.

C. Creativity and perspective: ഫ്രെയിമിലെ വസ്തുക്കളെയും വെളിച്ചത്തേയും നല്ല ഒരു ഫോട്ടോഗ്രാഫാക്കി മാറ്റുന്നതിൽ എത്രത്തോളം സ്വതസിദ്ധമായ കഴിവുകൾ ഫോട്ടോഗ്രാഫർക്കുണ്ട് എന്നും, തന്റെ കാഴ്ചപ്പാട് എത്രത്തോളം ഫലപ്രദമായി ഈ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നും ഇവിടെ അവലോകനം ചെയ്യുന്നു.


ഓരോ ഫോട്ടോയിലും ഈ മൂന്നു കാര്യങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ ആസ്പദമാക്കി 1 മുതൽ 10 വരെ പോയിന്റുകൾ വെവ്വേറെയായി ഓരോ ഫോട്ടോയ്ക്കും നൽകുന്നതാണ്. ഫോട്ടോഗ്രാഫുകൾ മത്സരത്തിനായി തയ്യാറാക്കുന്നവർ ഈ നിബന്ധന വ്യക്തമായും മനസ്സിലാക്കിവേണം എൻ‌ട്രികൾ മത്സരത്തിനായി തെരഞ്ഞെടുത്ത് അയക്കേണ്ടത്. ഈ പോയിന്റുകളുടെ ആകെത്തുകയിൽ ആദ്യമെത്തുന്ന മൂന്നുപേർക്കായിരിക്കും സമ്മാനങ്ങൾ ലഭിക്കുക. ഫലപ്രഖ്യാപനത്തോടൊപ്പം, ജഡ്ജസ് എങ്ങനെയാണ് ഫോട്ടോകൾ അവലോകനം ചെയ്തിരിക്കുന്നത് എന്നതിന്റെ വിവരണവും പ്രസിദ്ധീകരിക്കുന്നതാണ്.


5. ചിത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ:

5.1 മത്സരത്തിനു സമർപ്പിക്കുന്ന ചിത്രങ്ങൾ JPG ഫോർമാറ്റിൽ ഉള്ളവയായിരിക്കണം. ചിത്രത്തിന്റെ ഒറിജിനൽ ഡിജിറ്റൽ ഫോർമാറ്റിൽ ആവണം എന്നു നിർബന്ധമില്ല. ഫിലിമിൽ നിന്നോ, സ്ലൈഡുകളിൽ നിന്നോ സ്കാൻ ചെയ്ത് എടുത്ത ചിത്രങ്ങളും അയക്കാവുന്നതാണ്. മത്സര എൻ‌ട്രികൾ ഡിജിറ്റൽ ഫോർമാറ്റിൽ ഇ-മെയിലിൽ അറ്റാച് ചെയ്താവണം സമർപ്പിക്കേണ്ടത് എന്നുമാത്രം.

5.2മത്സരത്തിനായി സമർപ്പിക്കുന്ന ചിത്രങ്ങൾ കുറഞ്ഞത് ഇനി പറയുന്നവലിപ്പത്തില്‍ ഉള്ളവയായിരിക്കണം.

ലാന്റ്സ്കേപ്പ് ഫോർമാറ്റ് : ചിത്രങ്ങളുടെ വീതി 1800 പിക്സൽ, ഉയരം വീതിക്ക് ആനുപാതികമായി.
പോർട്രെയ്റ്റ് ഫോർമാറ്റ്: വീതി 900 പിക്സൽ, ഉയരം അതിന് ആനുപാതികമായി.

ഇതിൽ നിന്ന് വ്യത്യസ്തമായ വലിപ്പത്തിൽ ലഭിക്കുന്ന ചിത്രങ്ങളെ ഈ വലിപ്പത്തിലേക്ക് മാറ്റിയതിനു ശേഷമായിരിക്കുൻ ജഡ്ജസിനു നൽകുക. അയച്ചുതരുന്ന ചിത്രങ്ങൾ 5 മെഗാബൈറ്റിനു മുകളിൽ ഫയൽ സൈസ് ഉള്ളവ ആവരുത്.

5.3 . ചിത്രങ്ങളിൽ അടിസ്ഥാനകാര്യങ്ങളിലുള്ള പോസ്റ്റ് പ്രോസസിംഗ് അനുവദനീയമാണ്. എന്നാൽ ഗ്രാഫിക്സ് എഫക്റ്റുകൾ, ബോഡറുകൾ, അമിതമായ കൃത്രിമ മോടിപിടിപ്പിക്കലുകൾ എന്നിവ നിരുത്സാഹപ്പെടുത്തുന്നു. അതുപോലെHDR ഇമേജുകൾ Composite ഇമേജുകൾ എന്നിവയും സ്വീകരിക്കുന്നതല്ല.

5.4 മത്സരത്തിനായി അയയ്ക്കുന്ന ചിത്രങ്ങൾ ഇതിനുമുമ്പ് ബ്ലോഗിൽ പ്രസിദ്ധീകരിച്ചവയാവാൻ പാടില്ല. (മത്സരാർത്ഥിയുടെ ഐഡന്റിറ്റി മത്സരസമയത്ത് വെളിപ്പെടുത്താതിരിക്കുവാനാണിത്). ചിത്രങ്ങളിൽ യാതൊരു വിധമായ അടയാളങ്ങളോ, വാട്ടർമാർക്കുകളോ ഇടുവാനും പാടില്ല. മത്സരത്തിനായി അയയ്ക്കുന്ന ഫോട്ടോഗ്രാഫുകളിൽ വ്യക്തികളുടെ ചിത്രങ്ങൾ മറ്റ് കോപ്പിറൈറ്റ് വസ്റ്റുക്കളുടെ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നുവെങ്കിൽ, അവ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുവാദം മുതലായ കാര്യങ്ങളിൽ ഈ മത്സരത്തിന്റെ സംഘാടകർ യാതൊരു ബാധ്യതകളും ഏൽക്കുന്നില്ല. അത് ഫോട്ടോഗ്രാഫറുടെ സ്വന്തം ഉത്തരവാദിത്തമാകുന്നു.

5.5 അയച്ചു തരുന്ന ഡിജിറ്റൽ ചിത്രങ്ങളുടെ പൂർണ്ണമായ എക്സിഫ് ഡേറ്റ ഫയലുകളിൽ ഉണ്ടായിരിക്കണം. ഇതില്ലാത്ത ചിത്രങ്ങൾ അയോഗ്യമായി പരഗണിക്കപ്പെടും.

6. ചിത്രങ്ങൾ സമർപ്പിക്കേണ്ട വിധം: ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണ തീയതി മുതൽ 2010 മാർച്ച് 15 ഇന്ത്യൻ സമയം രാത്രി 12 മണി വരെ ചിത്രങ്ങൾ മത്സരത്തിനായി അയക്കാവുന്നതാണ്. ചിത്രങ്ങൾ അയയ്ക്കേണ്ട ഇ-മെയിൽ bloggercompetition@gmail.com. ഈ വിലാസത്തിൽ അല്ലാതെ ലഭിക്കുന്ന എൻ‌ട്രികൾ മത്സരത്തിനായി പരിഗണിക്കുകയില്ല. ഇതിനുശേഷം ലഭിക്കുന്ന ചിത്രങ്ങളും നിബന്ധന 5 ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചല്ലാത്ത ചിത്രങ്ങളും മത്സരത്തിനായി പരിഗണിക്കുകയില്ല.

7. കോപ്പിറൈറ്റ്സ്: മത്സരത്തിനായി അയയ്ക്കുന്ന ചിത്രങ്ങൾ മത്സരാർത്ഥിയുടെ സ്വന്തം സൃഷ്ടി ആയിരിക്കണം. സമ്മാനത്തിനാർഹരാവുന്നവർ, ‘നമ്മുടെ ബൂലോകം‘ ആവശ്യപ്പെടുന്ന അവസരത്തില്‍ ചിത്രത്തിന്റെ ഒറിജിനൽ ഫയൽ അയച്ചു തരുവാൻ ബാദ്ധ്യസ്ഥരാ‍ണ്. ഇപ്രകാരം ഒറിജിനല്‍ ഹാജരാക്കുവാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് സമ്മാനം ലഭിക്കുന്നതല്ല.

മത്സരത്തിനായി അയച്ചൂ തരുന്ന ചിത്രത്തിന്റെ പകർപ്പവകാശം മത്സരാർത്ഥിക്കുതന്നെയാകുന്നു. മത്സരത്തില്‍ വിജയിക്കുന്ന ഫോട്ടോകള്‍ നമ്മുടെ ബൂലോകത്തിന്റേയോ , ആപ്പിള്‍ എ ഡേ യുടേയോ വ്യാവസായികമല്ലാത്ത ആവശ്യങ്ങള്‍ക്കായി, വിജയികളുടെ മുൻ‌കൂർ അനുവാദമില്ലാതെ തന്നെ, ഭാഗികമായോ പൂര്‍ണ്ണമായോ ഉപയോഗപ്പെടുത്തുന്നതിന് ഞങ്ങള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ തന്നെ ഈ മത്സരത്തിന് ശേഷവും പങ്കെടുക്കുന്ന/സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ മറ്റ് ഏത് തരത്തിലും പ്രയോജനപ്പെടുത്താന്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കും/പങ്കെടുക്കുന്നവര്‍ക്കും പൂര്‍ണ്ണ സാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിന് അയച്ചു തരുന്ന ചിത്രങ്ങൾ മത്സരാർത്ഥിയുടെ സ്വന്തമാണെന്നും മറ്റാരുടെയും അവകാശങ്ങൾ അതിലില്ല എന്നും ഉള്ള ഒരു സമ്മതപത്രം എൻ‌ട്രിയോടൊപ്പം അയച്ചുതരേണ്ടതാണ് (ഇത് ഈ നിബന്ധനകളുടെ ഏറ്റവും അവസാനം ഉണ്ട്).

8. പ്രസിദ്ധീകരണത്തീയതി: മത്സരത്തിനായി ലഭിക്കുന്ന ചിത്രങ്ങൾ “ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാർഡ് 2010“ ന്റെ വാട്ടർ മാർക്കോടുകൂടി മാർച്ച് 20, 2010 ന് പ്രസിദ്ധീകരിക്കുന്നതാണ്.

9. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്ക് ഒരു ക്രമ നമ്പർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആരാണ് ഫോട്ടോഗ്രാഫർ എന്ന വിവരം അപ്പോൾ പ്രസിദ്ധീകരിക്കുകയില്ല. അതുപോലെ ജഡ്ജിംഗ് പാനലിനും ഫോട്ടോഗ്രാ‍ഫറെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നതല്ല. ഈ പോസ്റ്റിൽ വായനക്കാർക്ക് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം കമന്റായി രേഖപ്പെടുത്താവുന്നതാണ്. വെബ് പോൾ രീതിയിലുള്ള വോട്ടിംഗ് ഉണ്ടായിരിക്കുന്നതല്ല; കമന്റുകൾ മാത്രമാണ് വോട്ടായി പരിഗണിക്കുന്നത്. ഒന്നിലേറെത്തവണ ഒരു വ്യക്തി കമന്റ് രേഖപ്പെടുത്തിയാലും ഏറ്റവും ആദ്യത്തെ കമന്റിൽ പറഞ്ഞ ഫോട്ടോയെ ആയിരിക്കും വോട്ടിൽ പരിഗണിക്കുന്നത്.

10. ആർക്കൊക്കെ വോട്ട് ചെയ്യാം? ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണതീയതിക്ക് ഒരു ദിവസമെങ്കിലും മുമ്പ് രജിസ്റ്റർചെയ്ത, സ്വന്തമായ ബ്ലോഗ് (ബ്ലോഗർ, വേഡ്പ്രസ്) പ്രൊഫൈൽ ഐ.ഡി ഉള്ളവർക്ക് മാത്രമാണ് കമന്റുകൾ രേഖപ്പെടുത്താനുള്ള അവകാശം. ഈ ഐ.ഡി യുമായി ബന്ധപ്പെട്ട ഒരു ബ്ലോഗും ഉണ്ടാവണം. ഈ കമന്റുകൾ മോഡറേഷനിൽ വയ്ക്കുകയും ഫലപ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. പ്രൊഫൈൽ ഇല്ലാത്ത ഐ.ഡികളിൽനിന്നുള്ള കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. ഈ വിഭാഗത്തിൽ, മത്സരാർത്ഥികൾ അവരവരുടെ ഫോട്ടോയ്ക്ക് സ്വയം വോട്ട് ചെയ്യാൻ പാടില്ല. വായനക്കാർക്ക് ഫോട്ടോകളെപ്പറ്റിയുള്ള മറ്റ് അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്താവുന്നതാണ്.

11. ഫലപ്രഖ്യാപനം: മാർച്ച് 30, 2010 നു മത്സരഫലങ്ങൾ പ്രഖ്യാപിക്കും. സമ്മാനാർഹർ തങ്ങളുടെ പോസ്റ്റൽ അഡ്രസ് (ഇന്ത്യയിലെ) നൽകേണ്ടതാണ്. സമ്മാനത്തുകയും സർട്ടിഫിക്കറ്റും ആ വിലാസത്തിലായിരിക്കും എത്തിക്കുക.

12. മത്സരത്തിനായി അയച്ചു തരുന്ന എൻ‌ട്രികളോടൊപ്പം താഴെപ്പറയുന്ന വിവരങ്ങൾ കൂടി അതേ ഇ-മെയിലിൽ കോപ്പി പേസ്റ്റ് ചെയ്ത് പൂരിപ്പിച്ച് നൽകേണ്ടതാണ്.


ബ്ലോഗറുടെ പേര് / ID :

Blog Profile Link : നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് കോപ്പി / പേസ്റ്റ് ചെയ്യുക.

Camera Model :

Brief Exif Data (shutter, aperture, focal length of lense):

Date & Location of Shooting :

ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാർഡ് 2010 മത്സരത്തിനായി ഞാൻ ഇതോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോഗ്രാഫ് എന്റെ സ്വന്തമാകുന്നുവെന്നും, ഇതിൽ മറ്റാർക്കും അവകാശമില്ല എന്നും ഞാൻ പ്രസ്താവിക്കുന്നു. ആപ്പിൾ എ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാർഡ് 2010 ന്റെ മത്സര നിബന്ധനകൾ ഞാൻ പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയിരിക്കുന്നു എന്നും; അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എനിക്കുള്ള സമ്മതവും ഇതിനാൽ രേഖപ്പെടുത്തുന്നു. മത്സരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഫോട്ടോഗ്രാഫിനെപ്പറ്റിയുള്ള വിവരങ്ങള്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തീയതി വരെ ഞാന്‍ രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പുതരുന്നു. ഈ ഫോട്ടോഗ്രാഫ് സമ്മാനാർഹമാകുന്ന പക്ഷം എന്റെ മറ്റൊരു സമ്മതപത്രമില്ലാതെതന്നെ, അത് ഭാവിയിൽ ‘നമ്മുടെബൂലോകമോ‘ ‘ആപ്പിൾ എ ഡേ Pvt. Ltd ഓ ഭാഗികമായോ പൂർണ്ണമായോ വ്യാവസായികാടിസ്ഥാനത്തിലല്ലാത്ത ഉപയോഗങ്ങൾക്ക് ഉപയോഗപ്പെടുത്തന്നതിന് എനിക്ക് സമ്മതമാണെന്നും ഇതിനാൽ പ്രസ്താവിച്ചു കൊള്ളുന്നു.

പേര്
കേരളത്തിലെ സ്ഥിരമായ മേൽ‌വിലാസം
ഫോണ്‍ നമ്പര്‍

(വിലാസവും ഫോൺ നമ്പറും ഇതോടൊപ്പം അയച്ചു തരുവാൻ താല്പര്യമില്ലാത്തവർക്ക് അത് നൽകാതെയിരിക്കാം. പക്ഷേ അവർ സമ്മാനാർഹർ ആകുന്ന പക്ഷം, കേരളത്തിലെ വിലാസവും ഫോൺ നമ്പരും നമ്മുടെ ബൂലോകത്തിനു നൽകുവാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം സമ്മാനം നൽകുന്നതല്ല)
© 2010 http://bloggercompetition.blogspot.com