ഈ പേജ് ലോഡ് ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ടെക്സ്റ്റ് മാത്രം ഇവിടെ കാണാം

Saturday, February 27, 2010

ബെസ്റ്റ് ബ്ലോഗ് ഫോട്ടോ കോമ്പറ്റീഷന്‍ വിഡ്ജറ്റ്

സ്നേഹിതരേ,

മലയാളം ബൂലോഗരില്‍ നിന്ന് ഏറ്റവും നല്ല മൂന്നു ചിത്രങ്ങളുടെ ഉടമകളെ കണ്ടെത്തുവാനുള്ള Apple a Day Best Blog Photo Award 2010 മത്സരത്തിലേക്ക് പരമാവധി ഫോട്ടോഗ്രാഫര്‍മാരെ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഈ മത്സരത്തിനു പരസ്യപ്രചരണം നല്‍കുവാന്‍ ഉദ്ദേശിച്ച് ഒരു വിഡ്ജറ്റ് തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളുടെ ബ്ലോഗുകളില്‍ മാര്‍ച്ച് 15, 2010 വരെ ഈ വിഡ്ജറ്റ് പ്രദര്‍ശിപ്പിച്ച് ഈ മത്സരം ഒരു വന്‍ വിജയമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

താഴെചിത്രത്തിനടിയിലായി കള്ളിയില്‍ കൊടുത്തിരിക്കുന്ന എച്.ടി.എം.എല്‍ കോഡ് കോപ്പി ചെയ്ത് ഒരു HTML / Java script Widget ആയി നിങ്ങളുടെ ബ്ലോഗുകളില്‍ ചേര്‍ത്താല്‍ താഴെക്കാണുന്നതുപോലെ ഒരു വിഡ്ജറ്റ് നിങ്ങളുടെ ബ്ലോഗുകളുടെ സൈഡ് ബാറില്‍ ചേര്‍ക്കാം.

 Best Blog Photo Competiong 2010



Monday, February 22, 2010

പോയിന്റ് ആന്റ് ഷൂട്ട് ഫോട്ടോഗ്രാഫി

ബെസ്റ്റ് ബ്ലോഗ് ഫോട്ടോ കോമ്പറ്റീഷനു എൻ‌ട്രികൾ അയയ്ക്കുവാനുള്ള തീയതിയായ മാർച്ച് 15 അടുത്തുവരുന്നു. വളരെ താല്പര്യത്തോടെ ബ്ലോഗിലെ ഫോട്ടോഗ്രാഫർമാർ ഈ മത്സരത്തെകാണുന്നുണ്ട് എന്നാണ് ഇതുവരെ ലഭിച്ച പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. പലരും നല്ല ചിത്രങ്ങൾക്കായുള്ള അന്വേഷണം തുടരുന്നു.

മത്സരം അനൌൺസ് ചെയ്തുകഴിഞ്ഞ് ഞങ്ങൾക്ക് കത്തുകളിൽക്കൂടിയും അല്ലാതെയും ലഭിച്ച ചില പ്രതികരണങ്ങളിൽ ഉയർന്നുവന്ന ഒരു ചോദ്യമുണ്ട്. “എസ്.എൽ.ആർ ക്യാമറകൾ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകളോടൊപ്പം മത്സരിക്കുവാൻ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ കൊണ്ട് എടുത്ത ചിത്രങ്ങൾക്കാവുമോ?” ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനു മുമ്പ് താഴെയുള്ള ചിത്രങ്ങൾ ഒന്നു നോക്കൂ.







ഈ മൂന്നു ചിത്രങ്ങൾക്കും കടപ്പാട് അശ്വതി233 എന്ന ബ്ലൊഗ് ഐ.ഡിയിൽ പ്രസിദ്ധീകരിക്കുന്ന വാലായ്മ എന്ന ബ്ലോഗിനോട്.


ഈ ചിത്രം എടുത്തത്‌ നന്ദകുമാര്‍ ദൃശ്യപര്‍വ്വം


ഈ ചിത്രം Sony W35 ക്യാമറയില്‍ എടുത്തത് ഹരീഷ് തൊടുപുഴ




ഇത് രണ്ടും പൈങ്ങോടന്റെ ബ്ലോഗിൽ നിന്ന്


ഈ ചിത്രങ്ങളെല്ലാം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ കൊണ്ട് എടുത്തവയാണ്! ഏതു ക്യാമറകൊണ്ട് ചിത്രമെടുക്കുന്നു എന്നതിനേക്കാൾ പ്രധാനം ഫോട്ടോഗ്രാഫർ ഒരു ഫ്രെയിമിനെ എങ്ങനെ “കാണുന്നു” എന്നതും അത് എങ്ങനെ കമ്പോസ് ചെയ്യുന്നു എന്നതുമാണെന്ന് എന്ന ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ടല്ലോ. ഇതിനായി വേണ്ടുന്ന മിക്കവാറും എല്ലാ സൌകര്യങ്ങളും ഇന്നത്തെ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലും ഉണ്ട്.

നല്ല ഒരു ചിത്രത്തിന്റെ പിന്നിൽ ക്യാമറയുടെ ടെക്നിക്കുകളേക്കാൾ അത് എടുക്കുന്ന ഫോട്ടോഗ്രാഫർ എന്ന കലാകാരന്റെ ഉള്ളിലെ കാഴ്ചക്കാണ് പ്രാധാന്യം. പെർസ്പെക്റ്റീവ് സെലക്ഷൻ, ഫ്രെയിം കമ്പോസിംഗ് എന്നിവ ക്യാമറ ചെയ്യുന്നതല്ല, ഫോട്ടോഗ്രാഫർ ചെയ്യേണ്ടകാര്യങ്ങളാണ്. അതുകൊണ്ടാണ് ക്യാമറകൾ വെറും ഫോട്ടോകൾ എടുക്കുമ്പോൾ നല്ല ഫോട്ടോഗ്രാഫർ ഒരു ചിത്രം പകർത്തുന്നു എന്നുപറയുന്നത്.

ഹൈസ്പീഡ് ഫോട്ടോഗ്രാഫി, എക്സ്പോഷർ പൂർണ്ണമായും നിയന്ത്രിച്ചുകൊണ്ടുള്ള മാനുവൽ ഫോട്ടോഗ്രാഫി തുടങ്ങിയ സന്ദർഭങ്ങളിലും, ഹൈറെസലൂഷൻ ചിത്രങ്ങളിലും മാത്രമാണ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ എസ്.എൽ.ആർ ക്യാമറകളേക്കാൾ പിന്നിലാണ് എന്നു പറയേണ്ടിവരുന്നത്. അല്ലാത്ത എല്ലാ സന്ദർഭങ്ങളിലും ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിൽ ലഭ്യമായ എക്സ്പോഷർ കോമ്പൻസേഷൻ, സീൻ മോഡുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് വെളിച്ച ക്രമീകരണം നടത്താം. വെളിച്ച ക്രമീകരകണം ഭംഗിയായാൽ ഫോട്ടോയുടെ 90% കാര്യവും ശരിയായിക്കഴിഞ്ഞു! പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ കൊണ്ടെടുക്കുന്ന ചിത്രങ്ങളുടെ മറ്റൊരു “ശത്രു” camera shake ആണ്. ക്യാമറ അനങ്ങിപ്പോയതിനാൽ ഷാർപ്പ് അല്ലാതായ ചിത്രങ്ങൾ. ഇതിനെ പ്രതിരോധിക്കാൻ വെളിച്ചം കുറവുള്ള അവസരങ്ങളിലും ഉയർന്ന സൂം ഉപയോഗിക്കുമ്പോഴും ഒരു ട്രൈപ്പോഡും നിങ്ങളുടെ സഹായത്തിന് എടുക്കാം - വരുന്ന വ്യത്യാസം നേരിൽ കണ്ടുനോക്കൂ. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളുടെ മറ്റൊരു പ്രത്യേകത അവയുടെ ലെൻസുകൾ നല്ല മാക്രോ ചിത്രങ്ങൾക്കും അവസരമൊരുക്കുന്നു എന്നതാണ്.

ഇത്രയും എഴുതുവാൻ കാരണം പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയാണ് കൈയ്യിലുള്ളത് എന്നകാരണം ഒന്നുകൊണ്ടു മാത്രം കഴിവുള്ളവർ ഈ മത്സരത്തിൽ പങ്കെടുക്കാതിരിക്കരുത് എന്നു സൂചിപ്പിക്കാൻ മാത്രം. വല്ലഭനു പുല്ലും ആയുധം എന്നുകേട്ടിട്ടില്ലേ...! അതുപോലെ തന്നെയാണ് ക്യാമറയുടെ കാര്യവും. ഫോട്ടോഗ്രാഫി എന്ന കലയിൽ വാസനയുള്ള ആർക്കും പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൊണ്ടോ, എന്തിനു മൊബൈൽ ക്യാമറകൊണ്ടുപോലും നല്ല ചിത്രങ്ങൾ എടുക്കാം.

അതുകൊണ്ട് “എന്റെ കൈയ്യിൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയേ ഉള്ളൂ, മത്സരത്തിനു ഞാനില്ല്ല” എന്നു പറഞ്ഞിരിക്കാതെ ധൈര്യമായി ഗോദയിലേക്ക് ചാടുക !! Good Luck !!
© 2010 http://bloggercompetition.blogspot.com